Jisha Case; Verdict Today
നിയമവിദ്യാര്‍ത്ഥിനി ജിഷയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയും. അസം സ്വദേശിയായ അമീറുള്‍ ഇസ്ലാമാണ് ഏക പ്രതി. പ്രതിക്കെതിരായ ശാസ്ത്രീയ തെളിവുകള്‍ നിരത്തിയാണ് പ്രോസിക്യൂഷന്‍ അന്തിമവാദം നടത്തിയത്. നിലവിലെ തെളിവുകള്‍ പ്രതിക്കെതിരെ കുറ്റം തെളിയിക്കാന്‍ പര്യാപ്തമല്ലെന്ന വാദമാണു പ്രതിഭാഗം ഉയര്‍ത്തിയത്. കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷികളായി 100 പേരെയും പ്രതിഭാഗം സാക്ഷികളായി ആറു പേരെയും കോടതി വിസ്തരിച്ചിരുന്നു. 293 രേഖകളും 36 തൊണ്ടിമുതലുകളുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. 2016 ഏപ്രിൽ 28ന് പെരുന്പാവൂർ കുറുപ്പംപടിയിലെ ജിഷയുടെ വീട്ടിലേക്ക് പ്രതി അതിക്രമിച്ചു കയറി ജിഷയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302, 201, 449, 342, 376, 376 എ എന്നീ വകുപ്പുകള്‍ പ്രകാരമുള്ള തെളിവു നശിപ്പിക്കല്‍, അതിക്രമിച്ചുകടന്ന് കൊലപാതകം ചെയ്യല്‍, ബലാത്സംഗം, വീടിനുള്ളില്‍ അന്യായമായി തടഞ്ഞുവയ്ക്കല്‍ എന്നിവയും ദലിത് പീഡന നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളും പ്രതിക്കെതിരേ ചുമത്തിയിട്ടുണ്ട്.